എസ്ബി കോളജ് ; ഒരു നൂറ്റാണ്ടായി നാനാ ജാതി മതസ്ഥരായ വിദ്യാർത്ഥികളെ ഉന്നതിയിലേക്ക് നയിച്ച കലാലയം: ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാനാ ജാതി മതസ്ഥരായ വിദ്യാർത്ഥികളെ ഉന്നതിയിലേക്ക് നയിക്കുന്ന കലാലയമാണ് എസ്ബി കോളജെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ഇവിടെ പഠിച്ച ഓരോരുത്തരും ഈ കലാലയത്തിന്റെ വളർച്ചയെ കുറിച്ച് അറിയുവാനും സ്വപ്നം കാണുവാനും ആഗ്രഹിച്ചവരാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ,സാംസ്‌കാരിക, സാമൂഹിക ഭൂമികയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ചങ്ങനാശ്ശേരി എസ് ബി കോളേജിന്റെ ശതാബ്തി വർഷ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മാർ പെരുന്തോട്ടം.

ബിഷപ് മാർ ചാൾസ് ലവീഞ്ഞ് എസ് ബി കോളേജിനെ കുറിച്ച് കണ്ട സ്വപ്നം അദ്ദേഹത്തിൻ്റേത് മാത്രമായിരുന്നില്ല. മറിച്ച് ഒരു സമൂഹത്തിന്റെ മുഴുവൻ സ്വപ്നം കൂടിയായിരുന്നു. ചെറിയ ന്യുനപക്ഷമായ ക്രിസ്തിയ സമൂഹം വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ വളരെയധികം സംഭാവനകൾ നൽകിയവരാണെന്ന് മാർ ജോസഫ് പെരുന്തോട്ടം ഓർമ്മിപ്പിച്ചു.

മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം ഉന്നത വിദ്യഭ്യാസമന്ത്രി ഡോ. ബിന്ദു ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
കോളേജിന്റെ സെന്റീനറി ലോഗോയുടെ അനാവരണവും മന്ത്രി നിർവ്വഹിച്ചു.

ഒരു കലാലയത്തെ മാറ്റുരയ്ക്കുന്നത് അവിടുത്തെ ഉത്പന്നങ്ങളായ വിദ്യാർത്ഥികളിലൂടെയാണെന്ന് ഡോ. ബിന്ദു പറഞ്ഞു. എസ് ബി കോളേജിലെ മുൻ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പഠിപ്പിച്ചവരാണ്. വിദ്യാഭ്യാസ രംഗത്തെയും കാലത്തിന്റെയും മാറ്റത്തിനൊപ്പം എസ് ബി കോളജും ചലിച്ചുകൊണ്ടിരിക്കയാണെന്ന് മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു.

അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ കൊടിക്കുന്നിൽ സുരേഷ് എം പി , ജോബ് മൈക്കിൾ എം എൽ എ,ടോമിൻ ജെ തച്ചങ്കരി ഐപിഎസ്, വികാരി ജനറാൾമാരായ റവ ഡോ. തോമസ് പാടിയത്ത്, ഫാ. ജോസഫ് വാണിയപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പൂർണമായും കൊറോണ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.