അപൂർവ്വ ചരിത്ര ശേഷിപ്പുകൾ; 2000 വർഷങ്ങൾ പഴക്കമുള്ള തടി രഥം; ഒപ്പം രണ്ട് കുതിരകളുടെ അസ്ഥികൂടവും

സോഫിയ: ചരിത്രത്തിലെ അപൂർവ്വ ശേഷിപ്പുകൾ കണ്ടെത്തി. ബൾഗേറിയയിലെ കറനോവോയിലെ പുരാവസ്തു സമുച്ചയ ഗ്രാമത്തിലാണ് 2000 വർഷങ്ങൾ പഴക്കമുള്ള തടി രഥത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. രഥത്തിനടുത്തായി രണ്ടു കുതിരയുടെയും നായയുടെയും അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വെങ്കലത്തിൽ പൊതിഞ്ഞതാണ് രഥത്തിന്റെ ഭാഗങ്ങൾ. ഇവയിൽ ത്രേസിയൻ പുരാണത്തിലെ രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് . വർഷങ്ങളുടെ പഴക്കം ഉള്ളതു കൊണ്ട് തന്നെ ഇത് വളരെ അവ്യക്തമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ .

ബൾഗേറിയയിലെ ഇസ്റ്റോറിചെസ്കി മുസെജ് നോവ സാഗോറ എന്ന മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകൻ വെസെലിൻ ഇഗ്നാറ്റോവിന്റെ നേതൃത്വത്തിലുള്ള സംഘമാണിത് കണ്ടെത്തിയത്.

രഥത്തിനു 1800 മുതൽ 2000 വർഷത്തെ വരെ പഴക്കമാണ് ഉള്ളതെന്നാണ് നിഗമനം .രഥത്തിന് 1.2 മീറ്റർ വ്യാസമുള്ള നാല് വലിയ ചക്രങ്ങളുണ്ട്, വെള്ളി പൂശിയ ഇവ ഈറോസ് ദേവന്റെ ചെറിയ രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.