യൂറോയിൽ വീണ്ടും കൊറോണ ; സ്കോട്‌ലൻഡ് യുവതാരം ബിൽ ഗിൽമൗറിന് രോഗബാധ

ലണ്ടൻ: യൂറോയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. സ്കോട്‌ലൻഡ് മധ്യനിരയിലെ യുവ താരം ബിൽ ഗിൽമൗറിനാണ് പുതിയതായി രോ​ഗം കണ്ടെത്തിയത്. ഇതോടെ ചെവ്വാഴ്ച ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യക്കെതിരായ നിർണായക മത്സരം താരത്തിന് നഷ്ടമാകും. ഗിൽമൗറിനെയും അദ്ദേഹവുമായി അടുത്തിടപഴകിയ കളിക്കാരെയും ഐസോലേറ്റ് ചെയ്യുമെന്ന് സ്കോട്‌ലൻഡ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ സ്കോട്‌ലൻഡ് ഗോൾരഹിത സമനിലയിൽ തളച്ച മത്സരത്തിൽ ഗിൽമൗറായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സമനിലയോടെ സ്കോട്‌ലൻഡ് പ്രീ ക്വാർട്ടറിലെത്താമെന്ന നേരിയ പ്രതീക്ഷ നിലനിർത്തുകയും ചെയ്തിരുന്നു.

ക്രൊയേഷ്യക്കെതിരായ നിർണായക പോരാട്ടത്തിൽ യുവ താരത്തിന്റെ അഭാവം സ്കോട്ലൻഡിന് ശരിക്കും തലവേദനയാകും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ക്രൊയേഷ്യയെ തോൽപ്പിച്ചാൽ മാത്രമെ സ്കോട്‌ലൻഡിന് പ്രീ ക്വാർട്ടറിലെത്താനാവു.

1998ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് സ്കോട്‌ലൻഡ് ഒരു പ്രധാന ടൂർണമെൻറിൽ കളിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഒരു പോയിന്റുമായി അവസാന സ്ഥാത്താണ് സ്കോട്‌ലൻഡ്.