സ്ത്രീധനമായി ‘നൂറ് പവൻ സ്വർണ്ണം, ഒന്നേകാൽ ഏക്കർ സ്ഥലം, പത്ത് ലക്ഷം രൂപയുടെ കാർ’; ഇനിയും വേണമെന്ന് പിടിവാശി; ആർത്തി മാറാതെ കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചു

കൊല്ലം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നൂറ് പവൻ സ്വർണ്ണം, ഒന്നേകാൽ ഏക്കർ സ്ഥലം, പത്ത് ലക്ഷം രൂപയുടെ കാർ എന്നിവ മരിച്ച നിലമേൽ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടുകാർ ഭർത്താവായ കിരണിന് സ്ത്രീ ധനമായി നൽകിയിരുന്നു.

സ്വർണത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തിൽ പരാതിയില്ലായിരുന്ന കിരൺ പത്ത് ലക്ഷത്തിന്റെ കാറിനെക്കുറിച്ച് സ്ഥിരമായി പരാതി പറഞ്ഞിരുന്നു. കാറിന്റെ മോഡൽ ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു പീഡനങ്ങളുടെ തുടക്കം, ആദ്യഘട്ടത്തിൽ മാനസിക പീഡനമായിരുന്നെങ്കിൽ പിന്നീടത് ശാരീരിക ഉപദ്രവത്തിലേക്ക് കൂടെ കടന്നു.

‘കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യം. അത് മകള് എന്നോട് പറഞ്ഞു. എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. അതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി. സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിൽ രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടയിട്ടു. മകളെ അവിടെ വെച്ച്‌ അടിച്ചു. തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസ് പരാതി നൽകി. ആ പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു’, വിസ്മയയുടെ പിതാവ് വെളിപ്പെടുത്തുന്നു.

വിഷയത്തിൽ പരാതി നൽകിയിരുന്നെന്നും ആ പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. വിസ്മയ ബന്ധുക്കളുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിൽ കാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.

പോലീസിനെ മർദിച്ച ശേഷം പരിശോധനയിൽ കിരൺ മദ്യപിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. അവിടത്തെ സിഐ പറഞ്ഞത് അനുസരിച്ച്‌ എഴുതി ഒപ്പിട്ട് നൽകിയ ശേഷമാണ് അവനെ വിട്ടയച്ചത്. അതിന് ശേഷം കുറച്ച്‌ ദിവസം മകൾ സ്വന്തം വീട്ടിലായിരുന്നു. എന്നാൽ പരീക്ഷാ സമയമായതോടെ കിരൺ വന്ന് മകളെ തിരിച്ച്‌ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതായിരുന്നുവെന്നും’ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർത്താവ് നിരന്തരമായി തന്നെ മർദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കൾക്ക് സന്ദേശമയച്ചിരുന്നു. മർദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു.