മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാ വികാസ് അഘാഡിയില്‍ പോര് രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടുതല്‍ അടുക്കുന്നതാണ് നല്ലതെന്ന് ഉപദേശിച്ച് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പിസിസി അധ്യക്ഷന്‍ നാന പടോലെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേന എംഎല്‍എ സഖ്യത്തിന് എതിരെ രംഗത്തുവന്നിരിക്കുന്നത്.
‘എന്‍സിപിക്കും കോണ്‍ഗ്രസിനും അവരുടെ മുഖ്യമന്ത്രിമാരെ വേണം. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാനാണ് ആഗ്രഹം. എന്‍സിപി ശിവസേന നേതാക്കളെ അടര്‍ത്തി എടുക്കാനാണ് ശ്രമിക്കുന്നത്. ഇവര്‍ക്ക് കേന്ദ്രത്തിന്റെ രഹസ്യ പിന്തുണയുണ്ടെന്നാണ് കരുതുന്നത്. ഒരു കേന്ദ്ര ഏജന്‍സിയും എന്‍സിപിയുടെ നേതാക്കളുടെ പിന്നാലെയില്ല.’-കത്തില്‍ പറയുന്നു.
‘കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി അടുക്കുന്നതാണ് നല്ലത്. വീണ്ടും ബിജെപിയുമായി ഒന്നിച്ചാല്‍ അത് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്ലതാണ്.’-കത്തില്‍ പറയുന്നു. മോദിയുമായി അടുക്കുകയാണെങ്കില്‍, താനും അനില്‍ പരബ് ഉള്‍പ്പെടെയുള്ള നേതാക്കളും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുമെന്നും കത്തില്‍ പറയുന്നുണ്ട്.