ഗുവാഹത്തി: പ്രതിഷേധങ്ങൾക്കിടെ അസമില്‍ ഇനി രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉളളവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹതയുണ്ടാവില്ലെന്ന ജനസംഖ്യാനയം നടപ്പാക്കാൻ സംസ്ഥാന സർക്കാർ. രണ്ടിൽ കൂടുതൽ മക്കൾ ഉള്ളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാവാനോ കഴിയില്ല. സംസ്ഥാനത്ത് ഉടൻ ഈ ജനസംഖ്യാനയം നടപ്പാക്കാനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
എന്നാൽ തേയിലത്തോട്ട തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവരെ ഈ മാനദണ്ഡങ്ങളുടെ പരിധിയില്‍നിന്നും ഒഴിവാക്കും. വായ്പ എഴുതിത്തള്ളലിനും മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ക്കും ജനസംഖ്യാ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദാരിദ്ര്യം കുറയ്ക്കുന്നതിന് ജനസംഖ്യാ നിയന്ത്രണത്തിനായി മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന് ന്യൂനപക്ഷ സമുദായങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത് നേരത്തെ വിവാദമായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യ ഇനിയും പെരുകിയാല്‍ താമസിക്കാനുള്ള സ്ഥലത്തെച്ചൊല്ലി തര്‍ക്കമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. അസമിലെ സ്ത്രീകളുടെ പ്രത്യുത്‌പാദന നിരക്ക് 2015-16 കാലയളവിലെ 2.2ല്‍ നിന്ന് 2020-21ല്‍ 1.9 ആയി കുറഞ്ഞു. അതുകൊണ്ട് അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാള്‍ കുറവായിരിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
കഴിഞ്ഞ മേയ് 10നാണ് ഹിമന്തയുടെ നേതൃത്വത്തില്‍ ബിജെപി സഖ്യ സര്‍ക്കാര്‍ വീണ്ടും അസമില്‍ അധികാരത്തിലേറിയത്. അസം ഗണ പരിഷത്തും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് ബിജെപിയുടെ സഖ്യകക്ഷികള്‍. ജനസംഖ്യാ നയത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.