ന്യൂഡെൽഹി: ഇന്ത്യയിലെ രണ്ടാം കൊറോണ തരംഗത്തിനു കാരണമായ ഡെൽറ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും സൂക്ഷിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിലേതിന് സമാനമായ സാഹചര്യം ഇന്ത്യയിൽ ഉണ്ടാകാമെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഡെൽറ്റാ വകഭേദത്തെ നിരീക്ഷിച്ചില്ലെങ്കിൽ ഇത് ആശങ്കയുടെ വകഭേദമായി മാറും. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഇന്ത്യയിൽ വീണ്ടും കേസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനാൽ കൊറോണ കേസുകളിൽ വർധനവ് ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം നടത്തണമെന്നും ഡോ. ഗുലേറിയ ആവശ്യപ്പെട്ടു.
ഡെൽറ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിട്ടുണ്ട്. ഇത് ആശങ്കയ്ക്ക് കാരണമായേക്കാം. നിരീക്ഷിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. നിലവിൽ കേസുകളുടെ എണ്ണം കുറവായതിനാൽ ഇത് ആശങ്കയുടെ വകഭേദമായി മാറിയേക്കാം. ഈ ഡെൽറ്റ പ്ലസ് വീണ്ടും തീവ്രമായ മറ്റൊരു വകഭേദമായി മാറുമോയെന്നത് അടുത്ത കുറച്ച് ആഴ്ചകളിൽ നിരീക്ഷിക്കേണ്ട ഒന്നാണെന്നും ഗുലേറിയ പറഞ്ഞു.
വൈറസുകൾ വീണ്ടും വീണ്ടും മാറ്റത്തിനു വിധേയമാകുകയും അതിലൂടെ അതിജീവിക്കുകയും കൂടുതൽ ആളുകളിലേക്ക് രോഗം പരത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ ആക്രമണോത്സുകതയോടെ വൈറസുകൾക്ക് മുന്നേപ്രവർത്തിക്കേണ്ടതുണ്ട്. നിരവധി മാസങ്ങളായി കർശന ലോക്ഡൗൺ നടപ്പാക്കിക്കൊണ്ട് യുകെ വളരെ നല്ലരീതിയിലാണ് പ്രവർത്തിച്ചത്.
എന്നാൽ രാജ്യം തുറക്കാൻ തുടങ്ങിയപ്പോൾ, രോഗികളുടെ എണ്ണം വർധിക്കുന്നതിന് പുതിയ വകഭേദമായ ഡെൽറ്റ വേരിയന്റ് കാരണമായി. ഇംഗ്ലണ്ടിന് സമാനമാണ് നമ്മുടെ അവസ്ഥയും. ഇപ്പോൾ തുടങ്ങി മൂന്ന്, നാല് മാസം ശ്രദ്ധിച്ചില്ലെങ്കിൽ നമുക്കും സമാനമായ സാഹചര്യമുണ്ടാകും. വൈറസ് മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വകഭേദങ്ങൾ വരുന്നു- ഗുലേറിയ ചൂണ്ടിക്കാട്ടി.