കൊടകര കുഴൽപ്പണക്കേസിൽ പയ്യന്നൂരിൽ 70 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ

കണ്ണൂർ: കൊടകര കുഴൽപ്പണക്കേസിൽ പയ്യന്നൂരിൽനിന്നും പരിസരങ്ങളിൽനിന്നുമായി 70 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനകളിൽ എട്ടു പേരെ ചോദ്യംചെയ്തതിൽനിന്നാണിത്.

അറസ്റ്റിലായ കണ്ണൂർ സ്വദേശികളായ അബ്ദുൾ സലാം, ഷിഗിൽ എന്നിവരെ ചോദ്യംചെയ്തതിൽനിന്നാണ് പയ്യന്നൂരിലും പരിസരങ്ങളിലും ഈ പണമെത്തിയതായി സൂചന ലഭിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘവും പയ്യന്നൂർ എസ്.ഐ. മനോജ് കാനായിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് വെള്ളിയാഴ്ച ഇവിടെ വ്യാപക പരിശോധന നടത്തി.

പയ്യന്നൂരിലെ തായിനേരി, അന്നൂർ, പാലത്തര പ്രദേശങ്ങളിലുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവരിൽ പലരും പണം വായ്പയായി വാങ്ങിയതാണെന്നും ബാങ്കിലെ വായ്പകൾ തീർക്കാൻ ഈ പണം ചെലവാക്കിയെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്. ചിലരുടെ ബാങ്കിടപാടുകളും പരിശോധിച്ചു. 1.40 കോടി രൂപയോളം കണ്ണൂർ, കാസർകോട് ജില്ലകളിലായി എത്തിയിട്ടുണ്ടെന്നാണ് സൂചന.

തട്ടിക്കൊണ്ടുപോയത് 3.5 കോടിയുടെ കുഴൽപ്പണമാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും ബാക്കി തുക ഇനിയും കണ്ടെത്താത്തത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കുന്നു. പണമോ പണമിടപാടുകളോ കൃത്യമായി കണ്ടെത്തിയാലേ കുറ്റപത്രം സമർപ്പിക്കാനാകൂ.

ബിജെപിയുടെ കുഴൽപ്പണമാണിതെന്ന് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുമുണ്ട്. അതേസമയം കുഴൽപ്പണത്തിലെ 3.25 കോടി രൂപ വ്യാപാര ആവശ്യത്തിനു കൊണ്ടുവന്നതാണെന്ന് മൊഴിനൽകിയ ധർമരാജനെ പോലീസ് വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു.

കോടതിയിൽ നൽകിയ രേഖകളും ഹർജിയിൽ നടത്തിയ വെളിപ്പെടുത്തലുകളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ഇത്. 25 ലക്ഷം യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്കിന്റേതാണെന്നും ധർമരാജൻ കോടതിയിൽ അറിയിച്ചിരുന്നു