തിരുവനന്തപുരം: മോഹനൻ വൈദ്യരെ (മോഹനൻനായർ – 65) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിലാണ് ശനിയാഴ്ച രാത്രി എട്ടുമണിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ മുതൽ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരികരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി മോഹനൻ വൈദ്യരും മകനും കാലടിയിലെ ബന്ധുവീട്ടിൽ ഉണ്ടായിരുന്നു. കൊറോണ പരിശോധന അടക്കമുള്ളവയ്ക്ക് ശേഷമേ മരണകാരണം അറിയാനാകൂ.
മാരകരോഗങ്ങൾക്കുള്ള ചികിൽസയിലൂടെ മോഹനൻ വൈദ്യർ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. ആയുർവേദ ലൈസൻസ് ഇല്ലാത്തതിനാൽ പല നിയമ നടപടികളും നേരിടേണ്ടി വന്ന മോഹനൻ വൈദ്യർ നിപ്പാ, കൊറോണ വൈറസുകൾക്ക് ചികിൽസ നടത്തിയതിൻ്റെ പേരിൽ അറസ്റ്റിലായിരുന്നു. ദീർഘകാലം ചേർത്തലയിലാണ് അദ്ദേഹം ചികിൽസിച്ചിരുന്നത്.
ആധുനിക ചികിൽസാ ശാസ്ത്രത്തിനെതിരേ ആയുർവേദ-പ്രകൃതി ചികിൽസകളുടെ സംയുക്ത രീതിയെന്നാണ് അദ്ദേഹം തൻ്റെ ചികിൽസയെ വിശേഷിപ്പിച്ചിരുന്നത്. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത മോഹനൻ വൈദ്യരുടെ ചികിൽസാ രീതികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്.