തലസ്ഥാനത്ത് എസ്‌കോർട്ടും പൈലറ്റ് വാഹനവും നൽകിയില്ല ; കേന്ദ്രമന്ത്രി വി മുരളീധരന്റെ സുരക്ഷയിൽ വീഴ്ച

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ സുരക്ഷയിൽ വീഴ്ച. മന്ത്രിക്ക് എസ്‌കോർട്ടും പൈലറ്റ് വാഹനവും നൽകിയില്ലെന്നാണ് ആക്ഷേപം. വൈ കാറ്റഗറി സുരക്ഷയാണ് മുരളീധരന് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.

വൈ കാറ്റഗറിയിൽ പെടുന്നയാളിന് സുരക്ഷ ഒരുക്കേണ്ടതില്ലെന്ന നിലപാടിനെ തുടർന്നാണ് വീഴ്ച വരുത്തിയതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വി മുരളീധരന് എസ്‌കോർട്ട് ഉണ്ടായിരുന്നില്ലെങ്കിലും പൈലറ്റ് വാഹനം അനുവദിച്ചിരുന്നു. സംസ്ഥാനങ്ങളിൽ കേന്ദ്രമന്ത്രിമാർ സന്ദർശനം നടത്തുമ്പോൾ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്.

പൈലറ്റും എസ്‌കോർട്ടും പിൻവലിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച ഗൺമാനും വേണ്ടെന്ന നിലപാടാണ് വി മുരളീധരൻ സ്വീകരിച്ചത്. ഗൺമാനായ ബിജുവിനെ യാത്രയ്ക്കിടെ മന്ത്രി ഒഴിവാക്കുകയും ചെയ്തു.കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് വി.മുരളീധരന് സംസ്ഥാന സർക്കാർ സുരക്ഷ ഒഴിവാക്കുന്നത്. അതുകൊണ്ട് തന്നെ വീഴ്ച മനപ്പൂർവ്വമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ ബിജെപി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന സുരക്ഷ ഇന്ന് ഉണ്ടായില്ലെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിപ്പ് ലഭിച്ചില്ലെന്നും ബിജെപിയും ചൂണ്ടിക്കാട്ടി.