ബെയ്ജിംഗ്: രണ്ടു ദിവസം മുമ്പ് ചുമതലകളിൽ നിന്ന് മാറ്റിയ പ്രശസ്ത ചൈനീസ് ആണവോർജ്ജ ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹാർബിൻ എൻജിനീയറിംഗ് സർവ്വകലാശാലയുടെ വൈസ് പ്രസിഡന്റ് കൂടിയായ സാംഗ് സിജിയാംഗിനെയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൈനീസ് നൂക്ലിയർ സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ചയായിരുന്നു സംഭവം. സർവ്വകലാശാലയിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗം കൂടിയായിരുന്ന ശാസ്ജ്ഞൻ ആണവോർജ്ജ മേഖലയിൽ കൊണ്ടുവന്ന പുരോഗതിയെ പ്രശംസിച്ച് നിരവധി പുരസ്കാരങ്ങൾ ചൈന നൽകിയിരുന്നു.
സാംഗ് സിജിയാംഗിന്റെ മരണത്തിന് രണ്ട് ദിവസം മുൻപ് അദ്ദേഹത്തെ സർവ്വകലാശാല വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. ആണവോർജ്ജവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ കൈമാറിയെന്ന് ആരോപിച്ചാണ് നീക്കം ചെയ്തതെന്ന് അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.