ആശ്വാസകരമായ കണ്ടെത്തൽ; കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റിയെന്ന് ലോകാരോഗ്യസംഘടന

ന്യൂഡെൽഹി: കൊറോണ മൂന്നാം തരംഗത്തിൻ്റെ അപായ സൂചനകൾ പുറത്ത് വരുന്നതിനിടെ വൈറസ് ബാധയെ പ്രതിരോധിക്കാൻ കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കണ്ടെത്തി. അഞ്ച് സംസ്ഥാനങ്ങളിലെ പതിനായിരം കുട്ടികളിലാണ്​ പഠനം നടത്തിയത്. ഡെൽഹി അർബൻ, ഡെൽഹി റൂറൽ, ഭുവനേശ്വർ, ഗോരഖ്പുർ, അഗർത്തല Iഎന്നിവിടങ്ങളിലായിരുന്നു പഠനം. ഡെൽഹി അർബൻ (11), ഡെൽഹി റൂറൽ (12), ഭുവനേശ്വർ (11), ഗോരഖ്​പുർ (13), അഗർത്തല (14) എന്നിങ്ങനെ ആയിരുന്നു പഠനത്തിന് വിധേയമാക്കിയ കുട്ടികളുടെ ശരാശരി പ്രായം.

മാർച്ച് 15നും ജൂൺ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്. ലോകാരോഗ്യസംഘടനയുടെയും (ഡബ്ല്യു.എച്ച്​.ഒ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെയും (എയിംസ്​) പഠന റിപ്പോർട്ട്​. പഠനത്തിലെ പ്രാഥമിക കണ്ടെത്തൽ കൊറോണ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാൾ കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കയെ അൽപമെങ്കിലും അകറ്റുന്നതാണ്​.

വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്​ടിക്കാനുള്ള ശരീരത്തിന്‍റെ ശേഷിയെ ആണ് സിറോ പോസിറ്റിവിറ്റി എന്ന്​ പറയുന്നത്​. ഇത്​ കുട്ടികളിൽ കൂടുതലാണെന്നാണ്​ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്​. വിവരം ലഭ്യമായ, പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ 700 പേർ 18 വയസ്സിനു താഴെയുള്ളവരും 3809 പേർ പതിനെട്ടു വയസ്സുള്ളവരുമാണ്​.

പഠനത്തിന് വിധേയരാക്കിയവരിലെ സാർസ് കൊവ്-2 വൈറസിനെതിരായ ടോട്ടൽ സിറം ആന്‍റിബോഡിയെ കണക്കാക്കാൻ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്നും ഗവേഷകർ പറഞ്ഞു. പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ സിറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന്​ സർവെക്ക്​ നേതൃത്വം നൽകിയ എയിംസ്​ കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. പുനീത്​ മിശ്ര അറിയിച്ചു.

നിലവിലെ കൊറോണ വകഭേദം മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന കൊറോണ മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി​.