ലുധിയാന: അപൂർവ്വങ്ങളിൽ അപൂർവ്വമായ ശസ്ത്രക്രിയ പൂർണ്ണ വിജയം. മൂന്ന് കാലുകളുമായി ജനിച്ച കുഞ്ഞിന്റെ ഒരു കാല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നീണ്ട ആറു മണിക്കൂർ നേരത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ കാല് നീക്കം ചെയ്തത്. പഞ്ചാബിലെ ലുധിയാനയിലെ ഡീപ് ആശുപത്രിയിലാണ് സങ്കീർണമായ ഈ ശസ്ത്രക്രിയ നടന്നത്. ഒന്നര വയസായിരുന്നു കുഞ്ഞിന്.
കുട്ടി ജനിച്ചത് മൂന്ന് കാലുകളോടെയാണ്. രണ്ട് സാധാരണ കാലുകളും ശക്തി കുറഞ്ഞ മറ്റൊരു കാലുമാണ് കുഞ്ഞിനുണ്ടായിരുന്നത്. ശക്തി കുറവായിരുന്നുവെങ്കിലും നാഡീപരമായി കാലിന് കേടുപാടുകൾ ഇല്ലായിരുന്നുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ അറിയിച്ചു.
പഞ്ചാബിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ഡോക്ടർമാരായ ആർകെ കൗശൽ, മുഹമ്മദ് യാമിൻ, ആർ സിംഗ്, രവീന്ദ്ര എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. തങ്ങളുടെ കരിയറിൽ ചെയ്ത ഏറ്റവും ദുഷ്‌കരവും സങ്കീർണവുമായ ശസ്ത്രക്രിയയായിരുന്നു ഇതെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്.
നിലവിൽ കുട്ടികളുടെ ഐസിയുവിൽ നിരീക്ഷണത്തിലുള്ള കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഒരു എൻജിഒയുടെ സഹായത്തോടെയാണ് കുട്ടിയുടെ സർജറി കുടുംബം നടത്തിയത്. സമാനമായ ശസ്ത്രക്രിയ നേരത്തെ ഡെൽഹി എയിംസിൽ രണ്ട് തവണ നടന്നിരുന്നു.