തിരുവനന്തപുരം: എകെജി സെന്ററിലെ എല്‍കെജി കുട്ടിയെന്ന ബിജെപി കൗണ്‍സിലറുടെ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ആരും ഓടിളക്കി വന്നവരല്ലെന്നും തന്റെ പക്വത അളക്കാന്‍ വരേണ്ടെന്നുമായിരുന്നു ആര്യാ രാജേന്ദ്രന്റെ മറുപടി. തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു കൗണ്‍സിലറോട് മേയര്‍ ആര്യാ രാജേന്ദ്രൻ പൊട്ടിതെറിച്ചത്.
നഗരസഭയുടെ ഹിറ്റാച്ചികള്‍ കാണുന്നില്ലെന്നായിരുന്നു ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ഉന്നയിച്ച ആരോപണം. നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്.
എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല തനിക്ക് ലഭിച്ചതെന്നും മേയർ പറഞ്ഞു. സത്യമെന്തെന്ന് അന്വേഷിച്ചിറങ്ങാനാണ് തീരുമാനമെന്നും മേയർ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലും ഈ വിഷയവും മേയറുടെ അനുഭവ സമ്പത്തും പ്രായവും പരാമര്‍ശിക്കപ്പെട്ടതാണ് മേയറെ ചൊടിപ്പിച്ചത്.
ഈ സമൂഹത്തിലുള്ള ചിലര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. നമ്മളെന്തോ ഓട് പൊളിച്ചുവന്നവരാണെന്ന്.ഞാന്‍ വ്യക്തമായി പറയട്ടേ, ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. എന്റെ പക്വത അളക്കന്‍ നിങ്ങളായിട്ടില്ലെന്നായിരുന്നു മേയറുടെ മറുപടി. കൊറോണ പശ്ചാത്തലത്തില്‍ പൊതുനിരത്തില്‍ പൊങ്കാല ഇല്ലാതിരുന്നിട്ടും മാലിന്യനീക്കത്തിന് 21 ലോറികള്‍ നഗരസഭ വാടകയ്ക്കെടുത്തു. ഇതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
വിഷയത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പലതവണ കൊമ്പുകോര്‍ത്തു. പൊങ്കാലയുടെ മറവിൽ കോർപ്പറേഷനിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ പ്രമേയം ഒടുവിൽ തള്ളി. 33 നെതിരെ 54 വോട്ടിനാണ് പ്രതിപക്ഷാവശ്യം നഗരസഭാ കൗൺസിൽ തള്ളി. വോട്ടെടുപ്പിൽ പങ്കെടുക്കാതെ യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നു.
കൊറോണ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അപ്പാടെ മാനിച്ച് ഭക്തര്‍ വീടുകളിലാണ് ഇക്കഴിഞ്ഞ തവണ ആറ്റുകാൽ പെങ്കാലയിട്ടത്. എന്നാൽ പൊതു നിരത്തിലെ പൊങ്കാല മാലിന്യം നീക്കം ചെയ്യുന്നതിൽ വ്യാപക അഴിമതിയാണ് നടന്നതെന്നും വിജിലൻസ് അന്വേഷണം വേണമെന്നും നഗരസഭയിലെ ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.
നഗരസഭയിലെ ഭരണപക്ഷം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചു. 28 ലോഡ് മാലിന്യം അന്നേ ദിവസം നീക്കം ചെയ്തെന്നാണ് ഭരണപക്ഷാംഗങ്ങളുടെ വാദം. ചർച്ചയിൽ ഭരണപക്ഷ അംഗങ്ങളുടെ പല വാദമുഖങ്ങളും ബഹളത്തിന് വഴിവെച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കാതെ യുഡിഎഫ് അംഗങ്ങൾ വിജിലൻസ് അന്വേഷണം എന്ന ആവശ്യം ഉയർത്തി പ്ലക്കാർഡുകളും ഏന്തി മേയറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.