തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളിൽ ഒരു ബേജാറുമില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിക്ക് ഉടൻ മറുപടി പറയണമെന്ന് നിർബന്ധമുണ്ടോയെന്നും നാളെ വാർത്താസമ്മേളനത്തിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രണ്ണൻ കോളേജിൽ പഠിക്കുന്നകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമർശം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.
സുധാകരന് അങ്ങനെ ഒരു മോഹമുണ്ടായിട്ടുണ്ടാകും, പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യഥാർത്ഥത്തിൽ സംഭവിച്ചാലല്ലേ അത് സംഭവിച്ചതായി പറയാൻ പറ്റുക. എന്നെ കിട്ടിയാൽ തല്ലാമെന്നും വേണമെങ്കിൽ ഒന്ന് ചവിട്ടി വീഴ്ത്താമെന്നുമൊക്കെ മനസിൽ കണ്ടിട്ടുണ്ടാകും.
സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ് അദ്ദേഹം പറയുന്ന കാര്യങ്ങളെന്നും പിണറായി പറഞ്ഞു. അതേസമയം തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാൻ സുധാകരൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിണറായി ആരോപിച്ചിരുന്നു.