തിരുവനന്തപുരം: വെള്ളിയാഴ്ചകളിൽ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച് സർക്കാർ സൂപ്പർ സ്‌പ്രെഡിന് വഴിയൊരുക്കുകയാണെന്ന് കെപിസിസി കെ സുധാകരൻ. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന മദ്യശാലകൾ അമ്പത്തിരണ്ട് ദിവസങ്ങൾക്ക് ശേഷം തുറന്നിരിക്കുകയാണ്. ബാറുകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.
ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തീയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ അടിസ്ഥാനത്തിൽ കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഉടൻ നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കൂടാതെ വാരാന്ത്യ ലോക് ഡൗൺ അപ്രായോഗികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങൾ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകൾ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. അതുപോലെ സർക്കാർ ഉദ്യേഗസ്ഥരടക്കം ആശ്രയിക്കുന്ന പൊതുഗതാഗതത്തെ പരിമിതപ്പെടുത്തുന്നതും ഫലത്തിൽ അശാസ്ത്രീയവും വിപരീതഫലം സൃഷ്ടിക്കുന്നതുമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കൊറോണ പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ ആളുകൾക്ക് സൗകര്യപൂർവ്വം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കേണ്ടത്. എന്നാൽ വെള്ളിയാഴ്ചകളിൽ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച് സൂപ്പർ സ്‌പ്രെഡിന് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.
റ്റിപിആർ കൂടുന്നതിനനുസരിച്ച് ലോക്ഡൗൺ പ്രഖ്യാപിക്കുകയും നീട്ടുകയും ചെയ്യുക എന്നതിലുപരിയായി ഒരു ദീർഘവീക്ഷണവും സർക്കാരിനില്ല. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രമേയുള്ളു. അശാസ്ത്രീയ സമീപനങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞ് ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.