ന്യൂഡെൽഹി: ഇന്ത്യയിൽ സൈബർ ആക്രമണം നടത്താൻ ചൈനീസ് നീക്കം. ഏഴുവർഷമായി ചൈനീസ് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന റെഡ്‌ഫോക്‌സ്‌ട്രോട്ട് എന്ന കമ്പനിയാണ് ഇന്ത്യയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. 2014 മുതൽ കമ്പനി ആക്രമണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസിയായ ഇൻസിക്ത് ഗ്രൂപ്പാണ് ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചൈനീസ് ലിബറേഷൻ ആർമിയുടെ 96010 യൂണിറ്റുമായാണ് റെഡ്‌ഫോക്‌സ്‌ട്രോട്ട് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. സൈബർ ആക്രമണത്തിനായി നിരവധി തവണ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയിരുന്നു.
രാജ്യത്തെ പ്രതിരോധം, ബഹിരാകാശം, ടെലി കമ്മ്യൂണിക്കേഷൻ, ഖനനം, ഗവേഷണം എന്നീ മേഖലകളാണ് ചൈനീസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ ഉണ്ട്. ചാരവൃത്തിയ്ക്കയി ചൈനീസ് ഹാക്കർമാർ ഉപയോഗിക്കുന്ന മാൽവെയറുകളാണ് ഇന്ത്യയെ ലക്ഷ്യമിട്ടും പ്രയോഗിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ അഫ്ഗാനിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ, തജികിസ്താൻ, ഉസ്‌ബെകിസ്താൻ എന്നീ രാജ്യങ്ങളും ചൈനീസ് കമ്പനി ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്.