കൊല്ലം : ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് അറിയപ്പെടുന്ന നേതാക്കൾ മുതൽ ആദ്യകാല ആർഎസ്എസ് പ്രചാരകന്മാരും പ്രവർത്തകരും വരെ വിശദമായ റിപ്പോർട്ടുകൾ നൽകി. ഇത്തരത്തിൽ ബിജെപി ദേശീയനേതൃത്വത്തിന് കേരളത്തിൽ നിന്ന് ലഭിച്ചത് നൂറോളം റിപ്പോർട്ടുകൾ. സംഘടനാപ്രശ്നങ്ങൾ, കൊടകര പണമിടപാട്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെതായി പുറത്തുവന്ന ഫോൺ സംഭാഷണം എന്നിവയെല്ലാം റിപ്പോർട്ടുകളിൽ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് വിവരം.
ആദ്യകാല നേതാക്കൾ അടക്കമുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ആനന്ദബോസ് റിപ്പോർട്ട് തയ്യാറാക്കിയത്. മുൻ ഡിജിപി. ജേക്കബ് തോമസും വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമേ കേന്ദ്ര സർക്കാരിന്റെ ഏജൻസികളെ ഉപയോഗിച്ചും കേരളത്തിലെ സംഘടനാപ്രശ്നങ്ങൾ ദേശീയനേതൃത്വം ശേഖരിക്കുന്നതായി പറയുന്നുണ്ട്.
ആർഎസ്എസ് ദേശീയനേതൃത്വവും കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെയും സംഘടനാ പ്രശ്നങ്ങളെയുംപറ്റി വിവരങ്ങൾ ആരാഞ്ഞതായി സൂചനയുണ്ട്. സംഘപരിവാറിനു പുറത്തുനിന്നുള്ള ചിലരും റിപ്പോർട്ടുകൾ അയച്ചിട്ടുണ്ട്.
നേതൃത്വം ആവശ്യപ്പെടാതെ സ്വന്തംനിലയ്ക്ക് തയ്യാറാക്കിയവയാണ് ഇതിലേറെയും. സിവിആനന്ദബോസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ ഉറപ്പിച്ചുപറയുന്നു. തിരഞ്ഞെടുപ്പു തോൽവിയെപ്പറ്റി പഠിക്കാനും റിപ്പോർട്ട് നൽകാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ സെക്രട്ടറി അരുൺ സിങ് പത്രക്കുറിപ്പിറക്കിയിരുന്നു.
കൊറോണാനന്തര ഇന്ത്യയിലെ തൊഴിൽമേഖലയെപ്പറ്റി പഠിക്കാൻ നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് ആനന്ദബോസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതടക്കം 16 റിപ്പോർട്ടുകൾ അദ്ദേഹം പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്.