മലപ്പുറം: പ്രണയം നിരസിച്ചതിന് ഏലംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തിയ പ്രതി യുവതിയുടെ പിതാവിൻ്റെ കച്ചവട സ്ഥാപനത്തിനും തീവച്ചത് ബോധപൂർവ്വമെന്ന് സൂചന. വളരെ ആസൂത്രിതമായാണ് പ്രതി കൃത്യം നടത്തിയതെന്നാണ് സൂചന. എല്ലാവരുടെയും കട കത്തിയ സംഭവത്തിലേക്ക് തിരിച്ച ശേഷമാണ് കൊലയ്ക്ക് പ്രതി വീട്ടിലെത്തിയത്. ഈ സമയത്ത് മരിച്ച യുവതിയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ. ഏലംകുളത്ത് നാടിനെ നടുക്കിയ കൊലപാതകത്തോടെയാണ് കച്ചവട സ്ഥാപനത്തിന് തീപിടിച്ചതിന് പിന്നിലെ പ്രതിയുടെ ലക്ഷ്യം പുറത്തുവന്നത്.
ഏലംകുളം എളാട് കൂഴംതുറ ചെമ്മാട്ടിൽ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ വിനീഷ് വിനോദിനെ(21) പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച പ്രതിയെ പൊലീസ് ആശുപത്രിയിലാക്കിയിരിക്കുകയാണ്.
ഇന്ന് രാവിലെ എട്ടിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ അതിക്രമിച്ച് കയറിയാണ് വിനീഷ് ദൃശ്യയെ കുത്തി കൊന്നത്. ദൃശ്യയ്ക്കൊപ്പം മുറിയിലുണ്ടായിരുന്ന സഹോദരി ദേവശ്രീയെയും സാരമായി പരിക്കേൽപ്പിച്ചു. ഹൃദയത്തോട് ചേര്‍ന്ന് കുത്തേറ്റ സഹോദരിയെ അടിയന്തര ശസ്ത്രക്രിയക്കും വിധേയയാക്കി. സംഭവത്തിന് ശേഷം രക്ഷപ്പെടാനായി ഓട്ടോയിൽ കയറിയ പ്രതിയെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്
എൽഎൽബി വിദ്യാർഥിയായ ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒന്നിച്ചാണ് പഠിച്ചിരുന്നത്. ഈ പരിചയം മുതലാക്കി പ്രതി നടത്തിയ പ്രണയാഭ്യർഥന ദൃശ്യ നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങളെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച പ്രതിയെ പൊലീസ് ആശുപത്രിയിലാക്കി.
ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ സി.കെ. സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ ബുധനാഴ്ച രാത്രി തീപ്പിടിത്തം ഉണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തിൽ ആദ്യം സ്ഥാപനം തീവെച്ച് നശിപ്പിച്ച പ്രതി, വ്യാഴാഴ്ച രാവിലെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയെ കുത്തിക്കൊന്ന പ്രതി വിനീഷ് സ്ഥിരം ശല്യക്കാരനായിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛൻ ബാലചന്ദ്രൻ. വര്‍ഷങ്ങളായി പ്രതി പ്രണയാഭ്യർത്ഥനയുമായി ദൃശ്യയുടെ പുറകെ നടക്കുന്നു. പലതവണ താക്കീത് ചെയ്തിരുന്നു. ദൃശ്യയെ പ്രതി നേരത്തെ ശല്യപ്പെടുത്തിയിരുന്നതിനാൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. അന്ന് രക്ഷകര്‍ത്താക്കളെ വിളിച്ച് കേസ് ഒത്തുതീര്‍പ്പ് ആക്കി വിട്ടതാണെന്നും അച്ഛൻ പറയുന്നു.
കുറച്ചു ദിവസം മുമ്പ് പ്രതി വിനീഷ് വീട്ടിലെത്തി ദൃശ്യയെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ നിരസിച്ച് ഒഴിവാക്കിയിരുന്നു. ഈ വിരോധമാണ് കൊലപാതത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ നടത്തിയിരുന്ന ഫാൻസി സാധനങ്ങൾ വിൽക്കുന്ന ഹോൾസെയിൽ കട കത്തിച്ചിട്ടുണ്ടെന്ന് ദൃശ്യയെ ഉപദ്രവിക്കുന്നതിനിടെ പ്രതി തന്നെ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അച്ഛനെ വീട്ടിൽ നിന്ന് അകറ്റി ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് കടയ്ക്ക് തീയിട്ടതെന്നാണ് പൊലീസിന് കിട്ടിയ സൂചന.