പ്രതിഷേധക്കാരെ നേരിടാൻ പൊലീസുകാരന് ഹെൽമറ്റിന് പകരം പ്ലാസ്റ്റിക് സ്കൂൾ; നാല് പൊലീസുകാർക്ക് സസ്പെൻഷൻ

ഉന്നാവ്: പ്രതിഷേധക്കാരെ നേരിടുന്ന പൊലീസുകാരന്‍ ഇരിക്കുന്ന പ്ലാസ്റ്റിക് സ്റ്റൂള്‍ ഹെല്‍മറ്റാക്കിയത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. സുരക്ഷക്കായി ഹെല്‍മറ്റ് ഇല്ലാത്തതിനെ തുടര്‍ന്നാണ് പൊലീസുകാരന്‍ പ്ലാസ്റ്റിക് സ്റ്റൂള്‍ ഹെല്‍മറ്റാക്കി മാറ്റിയത്. എന്നാൽ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്.

നടപടിയുടെ ഭാഗമായി എസ്‌എച്ച്‌ഒ ദിനേഷ് ശര്‍മ്മയെയും മൂന്ന് പൊലീസുകാരെയും അലംഭാവം ആരോപിച്ച്‌ ലഖ്‌നൗ റേഞ്ച് ഐജി ലക്ഷ്മി സിങ് സസ്‌പെന്‍ഡ് ചെയ്തു. ഉന്നാവില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചതുമായാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇവരുടെ മൃതദേഹം റോഡില്‍ കിടത്തി ചിലര്‍ പ്രതിഷേധിച്ചു.

തടയാനെത്തിയ പൊലീസിനു നേരെ കല്ലേറുണ്ടായി. പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഈ സംഭവത്തിനിടെയാണ് കല്ലേറില്‍ നിന്ന് രക്ഷനേടാന്‍ ഹെല്‍മറ്റില്ലാത്ത പൊലീസുകാരന്‍ സ്റ്റൂള്‍ ഹെല്‍മറ്റാക്കി ഉപയോഗിച്ചത്.

ക്രമസമാധാന സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ ജില്ലകള്‍ക്കും മതിയായ സൗകര്യം നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. രഹസ്യാന്വേഷണ വിവരങ്ങള്‍ ഉണ്ടായിട്ടും കൃത്യമായ ഒരുക്കങ്ങൾ സ്വീകരിക്കാതിരുന്നതിൽ ഡിജിപിയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദിയായ എസ്‌എച്ച്‌ഒയെ സസ്‌പെന്‍ഡ് ചെയ്തെന്നും ഐജി ട്വീറ്റ് ചെയ്തു.