ന്യൂഡെല്‍ഹി: സൈബര്‍ തട്ടിപ്പുകളിലൂടെ വഞ്ചിക്കപ്പെടുന്ന വ്യക്തികള്‍ക്ക് പണം നഷ്ടപ്പെടുന്നത് തടയുന്നത് തടയാൻ ദേശീയ ഹെൽപ്പ്ലൈൻ ‘റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോം’. ഇതുവഴി സൈബര്‍ തട്ടിപ്പ് ഫലപ്രദമായി തടയാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 155260 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിൽ പരാതികൾ നൽകാവുന്നതാണ്. സൈബര്‍ തട്ടിപ്പുകളിൽ വഞ്ചിക്കപ്പെട്ടാൽ ഇതുവഴി റിപ്പോര്‍ട്ട് ചെയ്താൽ വ്യക്തികള്‍ക്ക് പണം നഷ്ടപ്പെടുന്നത് തടയാനാവുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷിതമായ ഡിജിറ്റല്‍ പേയ്‌മെന്റ് ഇക്കോ സിസ്റ്റം ഒരുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുന്നോടിയായി ഏപ്രില്‍ ഒന്നിന് ഹെല്‍പ്പ് ലൈന്‍ അവതരിപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററാണ് ഹെല്‍പ്പ് ലൈനും, റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോമും പ്രവര്‍ത്തനക്ഷമമാക്കിയത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റ് പ്രധാന ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം. നിയമ നിര്‍വ്വഹണ ഏജന്‍സികളെയും ബാങ്കുകളെയും സാമ്പത്തിക ഇടനിലക്കാരെയും സമന്വയിപ്പിക്കുന്നതിനായി സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ്, മാനേജുമെന്റ് സിസ്റ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഛത്തീസ്ഗഡ്, ഡെല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഈ ഹെല്‍പ്പ് ലൈന്‍ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഇത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ഏപ്രില്‍ ഒന്നിന് ഹെല്‍പ്പ് ലൈന്‍ അവതരിപ്പിച്ചതിന് ശേഷം 1.85 കോടിയിലധികം രൂപയുടെ തട്ടിപ്പ് തടയാൻ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.