എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതില്‍ അഡ്മിനിസ്‌ട്രേറ്ററോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ നിന്നുളള എം പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശനത്തിന് യാത്ര അനുമതി നിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിശദീകരണം തേടി. സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ്സ് എംപിമാരായ ഹൈബി ഈഡനും, ടി.എന്‍ പ്രതാപനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ എത്തിയപ്പോള്‍ കൂടെ നിരവധി പേര് ഉണ്ടായിരുന്നുവെന്ന് ചൂണ്ടികാണിച്ച എം പിമാര്‍ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രണ്ട് രീതിയില്‍ കാണുന്നത് ഉചിതമല്ലെന്നും കോടതിയില്‍ ബോധിപ്പിച്ചു.

എന്നാല്‍ കൊറോണ സാഹചര്യത്തില്‍ യാത്ര നീട്ടാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്തയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അഡ്മിനിസ്‌ട്രേറ്റര്‍ ദീപില്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങളില്‍ ജനങ്ങളുടെ പരാതി കേള്‍ക്കാനും സാഹചര്യങ്ങള്‍ നേരിട്ടു വിലയിരുത്താനുമാണ് ജനപ്രതിനിധികള്‍ സന്ദര്‍ശനാനുമതി തേടിയത്.