തൃണമൂല്‍ നേതാവ് മുകുള്‍ റോയിക്കുള്ള സുരക്ഷ പിന്‍വലിച്ചുവെന്ന വാര്‍ത്ത തള്ളി കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചതായുള്ള വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വിലിച്ചിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുള്‍ റോയിക്കും മറ്റു ബിജെപി നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മുകള്‍ റോയി ബിജെപി വിട്ട് തിരികെ തൃണമൂലില്‍ എത്തിയതോടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതായുള്ള റിപ്പോര്‍ട് ഉണ്ടായിരുന്നു. 2017 ലാണ് തൃണമൂല്‍ നേതാവായിരുന്ന മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നത്.

തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന പ്രസ്താവനയോടെ കഴിഞ്ഞ ആഴ്ചയാണ് മുകുള്‍ റോയി വീണ്ടും തൃണമൂലിലേക്ക് മടങ്ങിയത്. അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം മുകുള്‍ റോയിക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുകുള്‍ റോയി കത്തെഴുതിയതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപിയുടെ 77 എംഎല്‍എമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.