റായ്പുർ: അലോപ്പതി മരുന്നകൾക്കെതിരായ വ്യാജ പ്രചാരണത്തിന് യോഗ ഗുരു രാംദേവിനെതിരെ പൊലീസ് കേസ്. ഛത്തീസ്ഗഢിലെ റായ്പുർ പൊലീസ് വ്യാഴാഴ്ചയാണ് രാമകൃഷ്ണ യാദവ് എന്ന രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൊറോണ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കെതിരെയാണ് വ്യാജ പ്രചാരണം നടത്തിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഐ.എം.എ ആശുപത്രി ബോർഡ് ചെയർമാൻ ഡോ. രാകേഷ് ഗുപ്ത, റായ്പൂർ ഘടകം പ്രസിഡൻറ് വികാസ് അഗർവാൾ എന്നിവർ ബുധനാഴ്ച രാത്രി നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് റായ്പുർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു. ഐ.പി.സി 188, 269, 504 വകുപ്പുകൾ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് രാംദേവിനെതിരെ കേസെടുത്തത്.
കേന്ദ്ര സർക്കാർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവ അംഗീകരിച്ച കൊറോണ മരുന്നുകൾക്കെതിരെ കഴിഞ്ഞ ഒരു വർഷമായി രാംദേവ് തെറ്റായ വിവരങ്ങളും ഭീഷണി പ്രസ്താവനകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.