ന്യൂഡെല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് ഒറ്റ ഡോസിന് കൊറോണ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കൊറോണ വിദഗ്ധ സമിതി മേധാവി ഡോ എന്‍ കെ അറോറ.കോവിഷീല്‍ഡ് ഒറ്റ ഡോസ് 61 ശതമാനം വരെ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. കൊറോണ വാക്‌സിനേഷന്റെ ഇടവേള സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കൊറോണ വിദഗ്ധ സമിതി മേധാവിയുടെ പ്രതികരണം.
രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊറോണ വാക്‌സിന്‍ ഒന്നാം ഡോസിന് ശേഷം നാല് ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസും സ്വീകരിക്കണമെന്ന അടിസ്ഥാനത്തിലായിരുന്നു വാക്‌സിനേഷന്‍ ആരംഭിച്ചത്.
പിന്നീട് ഇതിന്റെ ഇടവേള ഉയര്‍ത്തി 48-മുതല്‍ 52 ദിവസം വരെ എന്നാക്കുകയായിരുന്നു. എന്നാല്‍ വാക്‌സിന് ലഭ്യത കുറഞ്ഞതോടെയാണ് ഇടവേള ഉയര്‍ത്തിയതെന്നും ഇത് സംബന്ധിച്ച പഠനങ്ങള്‍ നടന്നിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡോ എന്‍ കെ അറോറയുടെ പ്രതികരണം ശ്രദ്ധയാകര്‍ഷിക്കുന്നത്.
‘നാലാഴ്ചത്തെ ഇടവേള നിശ്ചയിച്ചാണ് ദേശീയ കുത്തിവെയ്പ് ദൗത്യം രാജ്യത്ത് ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിവെയ്പ് എടുത്തവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്. ബ്രിട്ടനും ആസ്ട്രാസെനേക്കയുടെ വാക്സിന്റെ ഇടവേള 12 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു. അതിനിടെ ലോകാരോഗ്യസംഘടനയും ഇടവേള വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടുന്നത് നല്ലതാണ് എന്നതായിരുന്നു ലോകാരോഗ്യസംഘടനയുടെ അഭിപ്രായം – എന്‍ കെ അറോറ പറയുന്നു. രണ്ടാം കൊറോണ തരംഗത്തിന്റെ തിവ്രത ഉയര്‍ത്തിയത് ഡെല്‍റ്റ വകഭേദമാണെന്നാണ് വിദഗ്ദ്ധ അഭിപ്രായം.