ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം;അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണം: ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണം എന്നും കോടതി നിർദേശിച്ചു. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഒരാഴ്‌ചയാണ് ഇടക്കാല ഉത്തരവിൻ്റെ കാലാവധി.

ഈ മാസം 20ന് ആയിഷ ചോദ്യം ചെയ്യലിന് ഹാജരാകണം. ലോക്ക്ഡൗൺ ആണെങ്കിലും ലക്ഷദ്വീപിലേക്ക് പോകാൻ അനുമതി നൽകും. ഈ ദിവസം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്കോടതി ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ചാനൽ ചർച്ചയിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് ഐഷ ഹർജിയിൽ വ്യക്തമാക്കിയത്. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചത്.