കൊറോണ വാക്സിൻ സ്വീകരിച്ച യുവതിയും ശരീരത്തിൽ കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി രംഗത്ത്

മംഗളൂരു: കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് ശേഷം തന്റെ ശരീരത്തിൽ കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി ഉഡുപ്പി സ്വദേശിക്ക് പിന്നാലെ ബം​ഗളൂരുവിൽ നിന്നുളള ഒരു യുവതിയും. കൊറോണ വാക്സിൻ സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി ജ്യോതി എന്ന യുവതിയാണ് രംഗത്ത് എത്തിയത്.

ഏപ്രിൽ 26നാണ് ജ്യോതി കോവാക്സിൻ സ്വീകരിച്ചത്. വാക്സിൻ എടുത്തവരിൽ കാന്തിക ശക്തി എന്ന റിപ്പോർട്ടുകൾ പത്രത്തിൽ വായിച്ചതിന് ശേഷം അടുക്കളയിൽ എത്തി ഫോർക്ക് കയ്യിൽ വെച്ചപ്പോൾ അത് ഇരുന്നതായി ജ്യോതി അവകാശപ്പെടുന്നു.

നേരത്തെ രാഘവേന്ദ്ര ഷെട്ട് (50) എന്ന വ്യക്തിയാണ് അവകാശവാദവുമായി എത്തുന്നത്. വാക്‌സിൻ എടുത്തതിന് ശേഷം തന്റെ ശരീരത്തിൽ നാണയങ്ങൾ, സ്പൂൺ എന്നിവയുൾപ്പെടെ പല, ലോഹവസ്തുക്കളും ഒട്ടിപ്പിടിക്കുന്നതായി ഇയാൾ പറയുന്നു. തന്റെ വാദം തെളിയിക്കാനായി ഇയാൾ ദേഹത്ത് ലോഹവസ്തുക്കൾ ഒട്ടിപ്പിടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലുടെ പുറത്തുവിട്ടിരുന്നു. മാധ്യമപ്രവർത്തകർക്കു മുന്നിലും ഇത് പ്രദർശിപ്പിച്ചു.

ശരീരത്തിന്റെ കാന്തികശക്തിയും കൊറോണ വാക്സിൻ സ്വീകരിച്ചതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഉഡുപ്പി ജില്ലാ ആരോഗ്യ ഓഫീസർ ഡോ നാഗഭൂഷൺ ഉഡുപ്പ അറിയിച്ചു. കളക്ടർ ജി ജഗദീഷയും ഇക്കാര്യം വ്യക്തമാക്കി.

രാഘവേന്ദ്രയുടെ വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ശരീരത്തിന്റെ പല ഭാഗത്തും കാന്തികശേഷി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ലെന്ന് ഡിഎച്ച്ഒ പറയുന്നു.