ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ബിനീഷിന്‍റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇനി ജൂൺ 25നാണ് കേസ് പരിഗണിക്കുക. ഇത് ഒന്‍പതാം തവണയാണ് ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കോടതിക്ക് മുന്നിലെത്തുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കവേ ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടതിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് കോടതി വ്യക്തത തേടിയിരുന്നു. ഇതില്‍ ബിനീഷിന്‍റെ അഭിഭാഷകന്‍ നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയില്‍ അഭ്യർത്ഥിച്ചിട്ടുള്ളത്