തമിഴകത്ത് 4000 രൂപ ധനസഹായം തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും

ചെന്നൈ: തമിഴകത്ത് 4000 രൂപ ധനസഹായം തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ജനകീയ പ്രഖ്യാപനങ്ങളുടെ ഭാഗമായി ‘റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും’- സ്റ്റാലിന്‍ അറിയിച്ചു.

‘സ്വകാര്യ ആശുപത്രികളിലെ കൊറോണ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതും തുടരും. പിപിഇ കിറ്റ് തുക ഉൾപ്പടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. എല്ലാവർക്കും സൗജന്യ കൊറോണ ചികിത്സ ഉറപ്പ് വരുത്താൻ നിരീക്ഷണസമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ജോലി നഷ്ടമായ സ്ത്രീകള്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ വായ്പ നല്‍കും.

കൊറോണ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് 5000 രൂപ അധിക വേതനം നല്‍കും. മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പേരിൽ മൂന്ന് ലക്ഷം നിക്ഷേപിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് പത്ത് ലക്ഷം രൂപയുടെ കൊറോണ ഇന്‍ഷുറന്‍സ് ആരംഭിക്കും. ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും’- എം കെ സ്റ്റാലിന്‍ പറഞ്ഞു.