മുംബൈ: സിനിമാ സീരിയൽ താരം ചന്ദ്രശേഖർ അന്തരിച്ചു. 98 വയസായിരുന്നു അദ്ദേഹത്തിന്. പ്രശസ്ത ടെലിവിഷൻ പരമ്പരയായ ‘രാമായണ’ ത്തിലും ‘ചാ ചാ ചാ’, ‘സുരാംഗ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് ഇദ്ദേഹം. രാമായണത്തിൽ ആര്യ സുമന്ത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.
ഇന്ന് രാവിലെയാണ് ചന്ദ്രശേഖർ മരണപ്പട്ടതെന്ന് മകനും നിർമ്മാതാവുമായ അശോക് ശേഖറാണ് അറിയിച്ചത്. അദ്ദേഹം ആഗ്രഹിച്ച രീതിയിൽ ഉറങ്ങുന്നതിനിടെയായിരുന്നു മരണം. ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണമെന്നും മകൻ അറിയിച്ചു.
ഹൈദരാബാദിൽ ജനിച്ച ചന്ദ്രശേഖർ 1950 കളുടെ തുടക്കത്തിലാണ് സിനിമാ രംഗത്ത് ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തനം ആരംഭിക്കുന്നത്. 1954 ൽ വി ശാന്താറാമിന്റെ സുരാംഗ് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. കാളി തോപ്പി ലാൽ റുമാൽ, ബർസത്ത് കി റാത്ത്, കവി, മസ്താന, ബസന്ത് ബഹാർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1964 ൽ ചാ ചാ ചാ എന്ന ചിത്രത്തിലൂടെ അദ്ദേഹം നിർമാതാവായും സംവിധായകനായും രംഗത്തെത്തി. 1987 ൽ രാമാനന്ദ് സാഗർ സംവിധാനം ചെയ്ത ദൂരദർശനിലെ പ്രശസ്ത പരമ്പരയായ രാമായണത്തിൽ ദശരഥ രാജാവിന്റെ മന്ത്രിയായ ആര്യ സുമന്ത് ആയി ചന്ദ്രശേഖർ അഭിനയിച്ചു. 1990 വരെ ആകെ 250ലധികം സിനിമകളിലാണ് ചന്ദ്രശേഖർ അഭിനയിച്ചിട്ടുള്ളത്.