ആശുപത്രിയിൽ നിന്ന് കാണാതായ കൊറോണ രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; യുവതി അറസ്റ്റിൽ

ചെന്നൈ: ആശുപത്രിയിൽനിന്ന് കാണാതായ കൊറോണ രോഗിയായ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി(40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊറോണ ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യെയാണ് ജീവനക്കാരിയായ രതിദേവി കൊലപ്പെടുത്തിയത്.

സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു. കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിതയെ മെയ് 23-നാണ് സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 24 മുതലാണ് കാണാതായത്.

എന്നാൽ, പിറ്റേ ദിവസം ഭർത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോൾ സുനിതയെ വാർഡിൽ കണ്ടില്ല. ആശുപത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്നേദിവസം തന്നെ ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റിൽ മൗലി ഇതേക്കുറിച്ച് പരാതി നൽകിയിരുന്നു. പിന്നീട് മെയ് 31 ന് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രേഖാമൂലം പരാതി സമർപ്പിക്കുകയും ചെയ്തു.

കേസിൽ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് 23-ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് ഇവരെ ചോദ്യംചെയ്തെങ്കിലും സ്കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാർഡിൽ എത്തിച്ചുവെന്നായിരുന്നു മൊഴി. ഇതോടെ കേസിലെ ദുരൂഹതകളും വർധിച്ചു.