രാത്രി പട്രോളിങ്ങിനിടെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്‍ ട്രാക്ക്മാന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു

തൃശ്ശൂര്‍: മണ്‍സൂണ്‍ പട്രോളിങ്ങിനിടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്ക്മാന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു. ഹര്‍ഷ കുമാര്‍(40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒല്ലൂര്‍ സ്വദേശി വിനീഷ് (33) പരിക്കേറ്റ് ചികിത്സയിലാണ്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കു ഭാഗത്താണ് അപകടം.

രാത്രിയില്‍ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ പിന്നിലൂടെ എത്തിയ എന്‍ജിന്‍ ഇടിച്ചത്. മഴ മൂലം ട്രാക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പുറപ്പെട്ടത‍ായിരുന്നു ഇരുവരും. സ്റ്റേഷനില്‍ നിന്നും രാജധാനി എക്സ്പ്രസ് ഒല്ലൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത് കണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറി.

എന്നാല്‍ ഈ സമയം ഒല്ലൂര്‍ ഭാഗത്തു നിന്നും എന്‍ജിന്‍ വരുന്ന വിവരം അറിഞ്ഞില്ല. എന്‍ജിന്‍ ഹോണ്‍ മുഴക്കിയെങ്കിലും രാജധാനിയുടേതെന്ന് ഇരുവരും ധരിച്ചിരിക്കാനും സാധ്യതയുണ്ട്. ഇടതുവശത്തെ പാളത്തിന്റെ നടുക്കാണ് ഹര്‍ഷന്‍ മരിച്ചു കിടന്നത്. വിനീഷ് രണ്ടു പാളങ്ങളുടേയും ഇടയ്ക്കുള്ള കുഴിയിലേക്ക് തെറിച്ചു വീണു. ഇയാളെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.