ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന എല്ലാവർക്കും കർശന സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുഎഇ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കും കർശന സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തി. പുതിയ സർക്കുലർ പ്രകാരം യുഎഇയിലെത്തുന്ന എല്ലാവരും പ്രത്യേക ട്രാക്കിങ് ഉപകരണം (റിസ്റ്റ് ബാൻഡ്) പത്ത് ദിവസമെങ്കിലും ധരിക്കണം. ഇപ്പോഴത്തെ കൊറോണ വ്യാപന സാഹചര്യത്തിൽ വിമാനങ്ങൾക്കും യാത്രക്കാർക്കും യുഎഇ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും സാഹചര്യം നിരീക്ഷിച്ച് ആവശ്യമെങ്കിലും കൂടുതൽ നിർദേശങ്ങൾ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.

യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യ, ബംഗ്ലാദേശ്, കോംഗോ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്‍നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് പുതിയ നിബന്ധനകൾ ബാധകം. നേരത്തെ അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് മാത്രമായിരുന്നു റിസ്റ്റ് ബാൻഡ് ധരിക്കേണ്ടി വന്നതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. പുതിയ നിബന്ധനയോടെ ദുബൈ ഉൾപ്പെടെ ഏത് വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്കും ഇത് ബാധകമാണ്.

ട്രാക്കിങ് ഉപകരണം ധരിക്കുന്നതിന് പുറമെ യുഎഇയിലെത്തിയ ഉടനെയും നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തണമെന്നും സർക്കുലറിൽ പറയുന്നു. നിയന്ത്രണമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന വിമാന ജീവനക്കാർക്കും ഇത് ബാധകമാണ്. ട്രാൻസിറ്റ് യാത്രക്കാർ താമസിക്കുന്ന ഹോട്ടലിൽ തന്നെ കഴിയണമെന്നും യുഎയിലെ പൊതു സമൂഹവുമായി ബന്ധപ്പെടരുതെന്നും അറിയിച്ചിട്ടുണ്ട്.

യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ അനുമതികളും നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിന് അഞ്ച് ദിവസം മുമ്പെങ്കിലും വിവരം അതോരിറ്റിയെ അറിയിച്ചിരിക്കണമെന്നും പുതിയ സർക്കുലറിൽ പറയുന്നു.