ന്യൂഡെൽഹി: ഇസ്രായേൽ എംബസി ആക്രമണത്തെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് എൻഐഎ. ചൊവ്വാഴ്ച വൈകീട്ടാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ നമ്പറിലൂടേയുമാണ് വിവരങ്ങൾ നൽകേണ്ടതെന്നും എൻഐഎ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നൽകുന്നവർക്കാണ് 10 ലക്ഷം രൂപ നൽകുക.
ജനുവരി 30നാണ് ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ചെറിയ സ്ഫോടനമായിരുന്നു നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത് ഇതിൽ മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചിരുന്നു.
സ്ഫോടനത്തിന് പിന്നാലെ എല്ലാ വിമാനത്താവളങ്ങൾക്കും സിഐഎസ്എഫ് ജാഗ്രത നിർദേശം നൽകിയിരുന്നു. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ അന്വേഷണം ശക്തമാക്കുകയാണ് എൻഐഎ.