വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആകാംഷ; പ്രതിഷേധങ്ങളെ രാജ്യദ്രോഹമായി കാണരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആകാംഷയില്‍ പ്രതിഷേധങ്ങള്‍ രാജ്യദ്രോഹമായി ഭരണാധികാരികള്‍ തെറ്റിദ്ധരിക്കുകയാണെന്ന് ഡെല്‍ഹി ഹൈക്കോടതി. പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രത്തോട് ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ഡെല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ചുമത്തിയ യുഎപി.എ കേസില്‍ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ‘വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആകാംക്ഷയുടെ ഭാഗമായി ഭരണാധികാരികള്‍ക്ക് സംഭവിച്ചു പോകുന്ന തെറ്റിദ്ധാരണയാണിത്.പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായി ലഭിക്കുന്ന അവകാശങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തമ്മില്‍ വേര്‍തിരിച്ച് കാണാനുള്ള ഭരണാധികാരികളുടെ മനോനില മങ്ങിപ്പോയിരിക്കുന്നു.

ഇത്തരം മനോനില തുടരുന്നത് ജനാധിപത്യത്തിന് ഒരിക്കലും ഗുണം ചെയ്യില്ല,’ കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം മെയിലാണ് വനിതാ അവകാശ ഗ്രൂപ്പായ പിഞ്ച്ര ടോഡിലെ അംഗങ്ങളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍ എന്നിവരേയും ജാമിഅ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായിരുന്ന ആസിഫ് ഇക്ബാലിനേയും കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാളുടെ ജാമ്യത്തിലും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലുമാണ് മൂന്ന് പേര്‍ക്കും ഡെല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.