കൊച്ചി: ചാനൽ ചർച്ചക്കിടെ ബയോ വെപ്പൺ പരാമർശത്തിന് രാജ്യദ്രോഹക്കേസ് എടുത്തതിനെതിരെ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടിയാണ് ആയിഷ കോടതിയെ സമീപിച്ചത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ മുഖേനയാണ് ആയിഷ കോടതിയിൽ ഹർജി നൽകിയത്. ആയിഷ സുൽത്താനയുടെ ഹർജി കോടതി നാളെ പരിഗണിക്കും.
തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്നും ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹർജിയിൽ പറയുന്നത്. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
ആയിഷ സുൽത്താനക്കെതിരെ 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ചാനൽ ചർച്ചയ്ക്കിടെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ‘ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ പട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത്’ എന്നായിരുന്നു പരാമർശം.
അതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശന ദിനത്തിൽ ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ സന്ദർശന ദിനമായ ഇന്ന് ലക്ഷദ്വീപിൽ സേവ് ലക്ഷ്ദ്വീപ് ഫോറം കരിദിനം ആചരിക്കുകയാണ്. വീടുകളിൽ കറുത്ത കൊടി ഉയർത്തിയും കറുത്ത മാസ്ക് അണിഞ്ഞുമാണ് പ്രതിഷേധം. എന്നാൽ കരിങ്കൊടി വീടുകളിൽ ഉയർത്തിയതിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.