കൊറോണ മരണം റിപ്പോർട്ട് ചെയ്യാൻ നാളെ മുതൽ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ മരണങ്ങൾ സ്ഥിരീകരിക്കുന്നത് നാളെ മുതല്‍ ജില്ലാടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കൊറോണ മരണങ്ങൾ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓൺലൈൻ റിപ്പോർട്ടിംഗ് പോർട്ടലിലൂടെയാണ് ഇനിമുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്.

റിയൽ ടൈം എൻട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ മാർഗത്തിലൂടെയാക്കുന്നതിനാൽ കൊറോണ മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയ്യാറാക്കേണ്ടത്.

ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ പോർട്ടലിൽ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം. ജില്ലാ സർവയലൻസ് ഓഫീസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന കമ്മിറ്റി മാർഗനിർദേശങ്ങളനുസരിച്ച് കൊറോണ മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥിരീകരിക്കുന്നു.

ഇതിലൂടെ ജില്ലാതലത്തിൽ തന്നെ കൊറോണ മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു. കൊറോണ മരണമാണോയെന്ന് ജില്ലയിൽ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തിൽ റിപ്പോർട്ടിംഗ് സമിതിക്ക് വിവരം കൈമാറുന്നു. 14 ജില്ലകളിലേയും റിപ്പോർട്ട് ഈ സമിതി ക്രോഡികരിച്ചാകും സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

കൊറോണ മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമൂലം കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരങ്ങളടക്കം ലഭിക്കാതെ പോകുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ഐസിഎംആറിന്റെ മാനദണ്ഡമനുസരിച്ച്‌ ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍ക്ക് തന്നെ ജില്ലാടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി.