കൊല്ലം: പത്തനാപുരത്ത് ബോംബ് ശേഖരം കണ്ടെത്തി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിൻതോട്ടത്തിൽനിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ജെലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ കേരള-തമിഴ്നാട് അതിർത്തിയിൽ ക്യാമ്പ് നടത്തിയിരുന്നതായി നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, ഡി.ജി.പിക്ക് വിവരം കൈമാറിയിരുന്നു.
ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്താൻ പോകുന്നതെന്നാണ് സൂചന. കണ്ടെത്തിയത് ഉഗ്ര സ്ഫോടനശേഷിയുള്ള വസ്തുക്കളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് പതിവ് പരിശോധന നടത്താറുണ്ട്.
ഇന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജെലാറ്റിൻ സ്റ്റിക്കുകൾ, ആറ് ബാറ്ററികൾ, വയറുകൾ, ഇവ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെടുത്തത്. ഉടൻ പോലീസിനെ വിവരം അറിയിച്ചു. ഇവയ്ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.
കൂടുതൽ അന്വേഷണത്തിനായി ബോംബ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തും. തീവവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ തീവ്രവാദ സംഘടനകളുടെ ബന്ധം അടക്കമുള്ള കാര്യം അന്വേഷിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി.