പത്തനംതിട്ട : ജലനിരപ്പ് ഉയരുന്നതും, ഡാം തുറക്കുന്നതും ജനങ്ങളെ അറിയിക്കാൻ വെബ് പോർട്ടൽ സംവിധാനം ഒരുക്കി ദുരന്ത നിവാരണ വിഭാഗം . പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത് .
വാട്ടർ ലെവൽ എന്ന തലക്കെട്ടോടെയാണ് ജലനിരപ്പ്, ഡാം തുറക്കുന്നത് എന്നിവ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത് . തലേ ദിവസത്തെ വിവരങ്ങൾ വരെ സൈറ്റിൽ ലഭ്യമാകും . മഴക്കാലമായതോടെ ഇത്തരത്തിൽ വിവരങ്ങൾ നൽകിയാൽ പ്രളയ മുന്നൊരുക്കങ്ങൾ പോലും നടത്താനാകുമെന്നാണ് നിഗമനം.
മഴയുടെ വിവരങ്ങൾ , ജലനിരപ്പ് , അണക്കെട്ട് തുറക്കുന്ന് വിവരങ്ങൾ എന്നിവയും സൈറ്റിൽ ലഭ്യമാക്കും . കക്കി- ആനത്തോട്, പമ്പ, മണിയാർ, മൂഴിയാർ എന്നീ ഡാമുകളിലെ ജലനിരപ്പ് അതത് ദിവസം സൈറ്റിൽ നൽകും . ഓരോ ഡാമിലെയും ജലനിരപ്പ് നിശ്ചിത പരിധി കടക്കുന്നതോടെ വിവിധ അലർട്ടുകൾ വെബ് പേജിൽ പ്രത്യക്ഷപ്പെടും.
നദികളിലെ ജലനിരപ്പ് കഴിഞ്ഞ ഏഴ് ദിവസത്തെ ഉൾപ്പെടെയാണ് നൽകുന്നത്. വാണിംഗ് ലെവൽ , ഡെയ്ഞ്ചർ ലെവൽ , ഹിസ്റ്റോറിക്കൽ ഹൈ ഫ്ലഡ് ലെവൽ എന്നിങ്ങനെയാകും നദികളിലെ ജലനിരപ്പ് രേഖപ്പെടുത്തുക . 2018-ലെ പ്രളയത്തിൽ ഏറ്റവുമധികം രൂക്ഷത അനുഭവിച്ച ജില്ലയാണ് പത്തനംതിട്ട. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നു വിട്ടതും പ്രളയത്തിനു ആക്കം കൂട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.