ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത് ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പ്രയാസകരമായ സാഹചര്യത്തിൽ ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
ഇന്ധന വിലവർധന ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വർഷം 35000 കോടി രൂപ കൊറോണ വാക്സിനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്ധനവില കൂട്ടിയിട്ടുണ്ട്. ഇതിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടു. പാവപ്പെട്ടവരെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്ക ഉണ്ടെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധന നികുതി കുറയ്ക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.