യുവതിയെ ഇടിച്ച് തെറിപ്പിച്ച് കാർ പറന്നു ; റോഡരികിൽ തെറിച്ചുവീണ സൈഡ് മിറർ പ്രതിയെ കുടുക്കി

കാലടി : യുവതിയെ ഇടിച്ച് തെറിപ്പിച്ച് പറന്ന കാറിന്റെ, റോഡരികിൽ തെറിച്ചുവീണ സൈഡ് മിറർ കൊണ്ട് കുറ്റം തെളിയിച്ച് കാലടി പൊലീസ്. മേയ് 24 നു മറ്റൂർ- നെടുമ്പാശേരി വിമാനത്താവള റോഡിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്തിയതാണ് സംഭവം.

സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡവലപ്മെന്റിലെ പ്രൊജക്ട് ഡയറക്ടർ സെഫീന വിനോ (32) ആണ് അപകടത്തിൽപെട്ടത്. അൻപതോളം സിസി ടിവി ക്യാമറകളും നൂറിലേറെ വാഹനങ്ങളുടെ റജിസ്ട്രേഷൻ വിവരങ്ങളും ശേഖരിച്ചും വിലയിരുത്തിയുമായിരുന്നു അന്വേഷണം.

വിശദമായ തിരച്ചിലിനൊടുവിൽ വാഹനം ഓടിച്ചിരുന്ന റാന്നി എടമൺ തെക്കേമാനിൽ ജെറിൻ വർഗീസ് (29) അറസ്റ്റിലായി. 18 ദിവസം തുടർച്ചയായുള്ള അന്വേഷണം നടത്തിയതു കാലടി സ്റ്റേഷനിലെ എഎസ്ഐ ജോഷി തോമസ്, എസ്ഐമാരായ പ്രശാന്ത് ബി.നായർ, ജെയിംസ് മാത്യു സിവിൽ പൊലീസ് ഓഫിസർ കെഎ നൗഫൽ എന്നിവരാണ്.

സംഭവം ഇങ്ങനെ

മേയ് 24 നു രാത്രി 7.15നു മറ്റൂർ നീലംകുളങ്ങര ക്ഷേത്രത്തിനു സമീപമാണ് എതിരെ വന്ന കാർ സഫീനയുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയത്. സെഫീന തോട്ടിലേക്കു തെറിച്ചു വീണു. തോളെല്ലിനു 3 ഒടിവുകളുണ്ടായി.

വിജനമായ സ്ഥലവും ലോക്ഡൗണും ആയതിനാൽ ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. തെളിവായി ആകെ കിട്ടിയത് ഇടിച്ച കാറിൽനിന്നു തെറിച്ചു വീണ കറുത്ത മിറർ മാത്രം. പരിശോധനയിൽ ഇത് ഏതു തരം കാറിന്റേതാണെന്നു മനസ്സിലായി.

മറ്റൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സിസി ടിവി പരിശോധിച്ചപ്പോൾ സെഫീന സ്കൂട്ടറിൽ പോകുന്നതും ഒരു മിനിറ്റിനുള്ളിൽ ഇത്തരം ഒരു കാർ എതിർ ദിശയിലേക്കു പോകുന്നതും കണ്ടു. കാലടി സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിലെ സിസി ടിവിയിൽനിന്ന് ഈ കാറിനു വലതു ഭാഗത്തു മിറർ ഇല്ലെന്നു വ്യക്തമായി. പക്ഷേ, മൂവാറ്റുപുഴ വരെയുള്ള സിസി ടിവി പലതും പരിശോധിച്ചിട്ടും കാർ നമ്പർ വ്യക്തമായില്ല.

കാറിന്റെ മുന്നിലെ ചില്ലിൽ എയർപോർട്ട് എന്നെഴുതി ഒട്ടിച്ചിരിക്കുന്നത് ഒരു സിസിടിവി ദൃശ്യത്തിൽ കണ്ടത് വഴിത്തിരിവായി. തുടർന്നു പ്രത്യേക അനുമതി വാങ്ങി വിമാനത്താവളത്തിലെ എല്ലാ സിസി ടിവികളും ‍പരിശോധിച്ചു. അവയിലും കാർ കണ്ടുവെങ്കിലും നമ്പർ ‍വ്യക്തമല്ലായിരുന്നു. വിമാനത്താവളത്തിൽ വാഹന നമ്പർ രേഖപ്പെടുത്തുന്ന കൗണ്ടറിൽ നിന്ന് നമ്പറുകൾ ശേഖരിച്ച് ആ വാഹനങ്ങളുടെ റജിസ്ട്രേഷൻ വിവരങ്ങളെടുത്തു. അപകടമുണ്ടാക്കിയ ഇനം കാറുകൾ മൂവാറ്റുപുഴ, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളിൽനിന്ന് അന്നു വന്നിട്ടുണ്ടെന്നു കണ്ടെത്തി. ഒടുവിൽ റാന്നിയിൽ യഥാർഥ കാർ കണ്ടെത്തി.