കൊച്ചി: മുൻഗണനാ കാർഡ് അനർഹമായി കൈവശം വച്ചിരിക്കുന്നവർക്കെതിരെ കടുത്ത നടപടി. ഈ മാസം 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ വൻ പിഴ ഈടാക്കും. അനർഹമായി വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപ പിഴയിനത്തിൽ നൽകേണ്ടിവരും. ഗോതമ്പിനു കിലോഗ്രാമിന് 29 രൂപയും പഞ്ചസാരയ്ക്കു 35 രൂപയും മണ്ണെണ്ണ ലീറ്ററിനു 71 രൂപയും പിഴയായി ഈടാക്കും.
അതും ഏതു ദിവസം മുതലാണോ അനർഹമായി ഭക്ഷ്യധാന്യം വാങ്ങുന്നതെന്നു കണ്ടെത്തി അന്നു മുതലുള്ള തുകയായിരിക്കും ഈടാക്കുക. നിലവിൽ അനർഹരായവർ പൊതുവിഭാഗത്തിലേക്കു മാറ്റി പിഴയിൽ നിന്നു രക്ഷപ്പെടാം. ഇതിനായി അതതു താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് അപേക്ഷകർ റേഷൻ കാർഡിന്റെ പേജ് സ്കാൻ ചെയ്ത് ഇ മെയിൽ ചെയ്യാം.
താലൂക്ക് ഓഫിസിലോ റേഷൻ കടയുടമയെയോ സമീപിച്ചും കാർഡുകൾ തരം മാറ്റാം. റേഷൻ കാർഡ് ഉടമയ്ക്കോ അതിലെ അംഗങ്ങൾക്കോ സർക്കാർ, അർധ സർക്കാർ ജോലി, പെൻഷൻ (പട്ടിക വർഗക്കാരായ ക്ലാസ് 4 ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്) എന്നിവയുണ്ടെങ്കിൽ മുൻഗണനാ വിഭാഗത്തിന് അർഹതയില്ല.
ബാങ്ക് ജീവനക്കാർ, സർക്കാർ ജീവനക്കാർ, അധ്യാപകർ, സൈനികർ, നാലുചക്ര വാഹനം സ്വന്തമായി (ടാക്സി ഒഴികെ) ഉള്ളവർ, ആദായ നികുതി നൽകുന്നവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർക്കും മുൻഗണനാകാർഡ് കയ്യിൽവെക്കാനാവില്ല. കാർഡിൽ ഉൾപ്പെട്ടവർക്കെല്ലാം ചേർന്ന് ഒരേക്കറിൽ കൂടുതൽ സ്ഥലമുള്ളവർ, വാർഷിക വരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർക്കും അർഹതയുണ്ടാവില്ല.