തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ കുരുങ്ങി സംഗീത സംവിധായകൻ രാഹുൽ രാജും. 60,000 രൂപയോളമാണ് രാഹുൽ രാജിന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് മനസിലാക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്.
ഒടിപി സന്ദേശങ്ങളോ, സംശയകരമായ രീതിയിലുളള കോളുകളോ ഒന്നും ഫോണിൽ വന്നിരുന്നില്ലെന്ന് രാഹുൽ രാജ് പറഞ്ഞു. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. അക്കൗണ്ട് പരിശോധിച്ചപ്പോൾ 600, 700 രൂപ വീതം നിരവധി തവണ പണം പിൻവലിച്ചതായി വ്യക്തമായി. കൂടാതെ പലപ്പോഴായി 6000- 7000 രൂപ വീതവും നഷ്ടമായി.
രാത്രിയാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായിരിക്കുന്നത്. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായുളള മെസേജ് കണ്ടപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് രാഹുൽ രാജ് അറിയുന്നത്. ഉടൻ തന്നെ അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതിനാൽ വീണ്ടും പണം നഷ്ടമായില്ല.
സൈബർ തട്ടിപ്പുകളുടെ സാഹചര്യത്തിൽ ഒടിപി നമ്പരുകൾ ചോദിച്ച് മൊബൈൽ ഫോണിൽ വരുന്ന കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് നേരത്തെ സൈബർ സെൽ അറിയിച്ചിരുന്നു.