മുംബൈ: മഹാരാഷ്ട്രയില്‍ അഴുക്കുചാല്‍ വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് കരാറുകാരനുമേല്‍ മാലിന്യം നിക്ഷേപിച്ചു. നോര്‍ത്ത് മുംബൈയിലെ കാന്ദിവല്ലിയില്‍ നിന്നുമുള്ള ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെയുടെ നേതൃത്വത്തിലാണ് പ്രാകൃത ശിക്ഷാ രീതി നടപ്പിലാക്കിയത്.
അഴക്കുചാലിലെ മാലിന്യം കൃത്യമായി നീക്കം ചെയ്തില്ലെന്ന് ആരോപിച്ച എംഎല്‍എ മാലിന്യ നീക്കത്തിന് കരാര്‍ എടുത്തിരുന്ന ആളെ റോഡിലെ വെള്ളക്കെട്ടില്‍ ഇരുത്തിയ ശേഷം രണ്ട് പേരോട് അയാള്‍ക്കുമേല്‍ മാലിന്യം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുര്‍ള സഞ്ജയ് നഗറിലാണ് ശിവസേന എംഎല്‍എയുടെ നേതൃത്വത്തില്‍ അതിക്രമം നടന്നത്.
കഴിഞ്ഞ ദിവസം കനത്ത മഴയില്‍ മുങ്ങിയ മുംബൈയില്‍ അഴുക്ക് ചാലില്‍ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ശിക്ഷാ നടപടി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ന്യായീകരണവുമായി എംഎല്‍എ ദിലീപ് ലാന്‍ഡെ രംഗത്തെത്തി. കരാറുകാരന്‍ അയാളുടെ ജോലി ശരിക്ക് ചെയ്യാതിരുന്നതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നാണ് എംഎല്‍എയുടെ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ എംഎല്‍എക്കും അനുയായികള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.