അലപ്പോ: സിറിയയില്‍ ആശുപത്രിക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുദ്ധ നിരീക്ഷക സംഘവും സിറിയയില്‍ സാന്നിധ്യമുള്ള തുര്‍ക്കി സൈന്യവും അറിയിച്ചു.
അഫ്രിന് നഗരത്തിലെ അല്‍ ശിഫ എന്ന ആശുപത്രിക്ക് നേരെയായിരുന്നു ആക്രമണം. തുര്‍ക്കിയുടെ പിന്തുണയുടെ വിമതരുടെ കീഴിലെ ആശുപത്രിയില്‍ ഒരു ഡോക്ടര്‍, മൂന്ന് ജീവനക്കാര്‍ അടക്കം കൊല്ലപ്പെട്ടുവെന്ന് ലണ്ടന്‍ കേന്ദ്രമായ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം പറഞ്ഞു.
ആശുപത്രിക്ക് സമീപത്തെ ജനവാസ കേന്ദ്രത്തിലും നിരവധി പേര് ഷെല്ലിങ്ങില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഷെല്ലിങ്ങില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് കുര്‍ദിഷ് നേതൃത്വത്തിലെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് അറിയിച്ചു.
കഴിഞ്ഞ പത്തുവർഷത്തിനിടെ സിറിയയിലുടനീളമുള്ള ആശുപത്രികൾക്ക് നേരെ 400 ലധികം തവണ ആക്രമണം നടന്നിട്ടുണ്ട്. വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിലെ മെഡിക്കൽ സൗകര്യങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആശുപത്രികൾ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നതെന്നാണ് സൂചന.