കോഴിക്കോട്:മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതതല അന്വേഷണ സംഘത്തെിന്റെ ചുമതല ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന് നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മരം മുറിച്ച സംഭവത്തില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിന്. കേസില്‍ ഉന്നതതല അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഡിജിപി എസ് ശ്രീജിത്തിന് ചുമതല നല്‍കിയത്. കോടിക്കണക്കിന് രൂപയുടെ മരം മുറി നടന്ന സ്ഥലത്ത് അദ്ദേഹം സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സംഭവത്തില്‍ വയനാട് കളക്ടര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വയനാട് കളക്ടര്‍ മരം മുറിക്കല്‍ സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയെന്നും സര്‍ക്കാര്‍ ഉത്തരവ് മറയാക്കിയാണ് മരം മുറിക്കള്‍ എന്നും വ്യക്തമാക്കി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് കളക്ടര്‍ കത്ത് നല്‍കിയത്.
മരം മുറിച്ച് കടത്തിയ സംഭവത്തില്‍ ഗൂഡാലോചന നടന്നുവെന്ന സംശയിക്കുന്നതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിജിലന്‍സ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന ഉന്നതതല സംഘമാണ് അന്വേഷണം നടത്തുക.
മരം മുറിക്കാനായി അനുമതി തേടിയ ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും എന്നാല്‍ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. കേരളത്തില്‍ പലയിടത്തും അനധികൃതമായി മരം മുറിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ ആരോപണം തുടരുന്നതിനിടെയാണ് ഉന്നതതല അന്വേഷണത്തിന്റെ ഏകോപന ചുമതല എസ് ശ്രീജിത്തിന് നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.