ന്യൂഡെല്‍ഹി: കൊറോണ പ്രതിരോധത്തിനുള്ള മരുന്നുകളുടെയും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളുടെയും ചരക്കു സേവന നികുതി വെട്ടിക്കുറച്ചു. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വാക്‌സിന്റെ ജിഎസ്ടിയില്‍ മാറ്റമില്ല.
ബ്ലാക്ക് ഫംഗസിന് എതിരായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ബി, കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ് എന്നിവയുടെ ജിഎസ്ടി ഒഴിവാക്കി. നേരത്തെ ഇവയ്ക്ക് അഞ്ചു ശതമാനമായിരുന്നു നിരക്ക്. റെംഡിസിവിര്‍, ഹെപാരിന്‍ എന്നിവയുടെ നികുതി നിരക്ക് 12ല്‍നിന്ന് അഞ്ചാക്കിയും കുറച്ചു.
വെന്റിലേറ്റര്‍, മെഡിക്കള്‍ ഓക്‌സിജന്‍, കൊറണ പരിശോധന കിറ്റ്, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ്, ബൈപാപ്പ് മെഷിന്‍ എ്ന്നിവയുടെ ചരക്ക് സേവന നികുതിയും 12 ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്.
പള്‍സ് ഓക്സിമീറ്റര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, ഊഷ്മാവ് അളക്കുന്ന ഉപകരണങ്ങള്‍, ആംബുലന്‍സ് സേവനം എന്നിവയ്ക്കും അഞ്ചു ശതമാനമായിരിക്കും ഇനി നികുതി. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെയായിരിക്കും ബാധകമാവുക.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന 44മാത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് കൊറോണ പ്രതിരോധ മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി കുറച്ച തീരുമാനമെടുത്തത്. കൊറോണയുമായി ബന്ധപ്പെട്ട അവശ്യ വസതുക്കള്‍ക്ക് നികുതിയിളവ് നല്‍കുന്നത് പരിഗണിക്കാന്‍ നിയോഗിച്ച മന്ത്രിമാരുടെ സമിതിയുടെ കൂടെ നിര്‍ദ്ദേശ പ്രകാരമാണ് ഇളവ് അനുവദിച്ചത്.