കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പണത്തില്‍ ഒരു ലക്ഷം രൂപ കണ്ടെത്തി. രണ്ടര ലക്ഷം രൂപ ലഭിച്ചെന്നും അതില്‍ നിന്നുള്ള ഒരു ലക്ഷം രൂപ സൂക്ഷിക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചുവെന്ന് സുന്ദര വ്യക്തമാക്കിയിരുന്നു. ഈ തുകയാണ് പോലീസ് കണ്ടെത്തിയത്. സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണം സുഹൃത്ത് ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇതാണ് പൊലീസ് നടത്തിയ പരിശോധനയില്‍ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.സുന്ദരയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യും. കോഴയായി ലഭിച്ച പണത്തില്‍ ബാക്കിയുള്ള തുക വീട്ടിലെ ആവശ്യങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ഉപയോഗിച്ചുവെന്നാണ് സുന്ദര നല്‍കിയ മൊഴി. പണത്തിന് പുറമെ ലഭിച്ച സ്മാര്‍ട്ട് ഫോണ്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന് കടയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ കടയിലെ സിസിടിവി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്നും ലഭ്യമായില്ല. ഇതോടെ സമീപത്തെ കടകളിലെ സിസിടിവികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഫോണ്‍ വാങ്ങിയത് ആരെന്ന് അടക്കമുളള വിവരങ്ങള്‍ക്കായി കടയിലെ ജീവനക്കാരുടെ മൊഴിയും ശേഖരിച്ചു. നിലവില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്ന വകുപ്പ് ചമുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.