കർഷക സമരത്തിനിടെ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

കൊൽക്കത്ത: കർഷക സമരത്തിനിടെ പശ്ചിമ ബംഗാൾ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. അനിൽ മല്ലിക്കാണ് അറസ്റ്റിലായത്. മൂന്ന് പേർക്കെതിരെയായിരുന്നു യുവതിയുടെ പിതാവിൻ്റെ പരാതി. ബലാത്സംഗം ചെയ്യപ്പെട്ട യുവതി പിന്നീട് കൊറോണ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഏപ്രിലിലായിരുന്നു സംഭവം, ചികിത്സയിലിരിക്കെ യുവതി ഏപ്രിൽ 30നാണ് യുവതി മരിച്ചത്.

കർഷക സമരത്തിൽ പങ്കെടുക്കാൻ ഹരിയാനയുടെയും ഡെൽഹിയുടെയും അതി‍ത്തിയിലെത്തിയപ്പോഴാണ് ഇവരെ ബലാത്സം​ഗം ചെയ്തതെന്നാണ് യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതി പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കർഷക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ഡെൽഹി അതിർത്തിയിൽ പോയ യുവതി ഏപ്രിൽ 10നാണ് വീട്ടിൽ തിരിച്ചെത്തിയത്. കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് യുവതിയെ ഏപ്രിൽ 26ന് ഝജ്ജാ‍ർ ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 30ന് യുവതി മരിച്ചു.

മകൾ മരിച്ചശേഷമാണ് ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പോലീസിൽ പരാതി നൽകിയത്. കിസാൻ സോഷ്യൽ ആർമിയിലെ അം​ഗങ്ങളായ രണ്ട് പേരാണ് ഇതിന് പിന്നിലെന്നും സംഭവം അറിഞ്ഞതോടെ ആ സം​ഘത്തെ തന്നെ സമരത്തിൽ നിന്ന് നീക്കം ചെയ്തുവെന്നും കർഷക സംഘവും അറിയിച്ചിരുന്നു.