കൊറോണ പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി ഇരുപത്തിനാലുകാരി

രാഹ: കൊറോണ പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇരുപത്തിനാലുകാരി നിഹാരികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആസ്സാമിലെ രാഹ ജില്ലയിലെ ഭട്ടികാവോറിലാണ് സംഭവം. കൊറോണ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഭർതൃപിതാവ് പുളെശ്വർദാസിനെ ആശുപത്രിയിലെത്തിക്കാൻ നിഹാരിക പലരുടെയും സഹായം തേടിയെങ്കിലും ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ തോളിലേറ്റി ഓട്ടോറിക്ഷ വരെ കൊണ്ടുപോകാൻ യുവതി തയ്യാറായത്.

ജൂൺ രണ്ടിനായിരുന്നു സംഭവം. പിതാവ് രോഗബാധിതനായപ്പോൾ നിഹാരികയുടെ ഭർത്താവ് സൂരജ് വീട്ടിലുണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്നു. രണ്ടു കിലോമീറ്റർ അകലെയുള്ള അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകാൻ യുവതി ഒരു ഓട്ടോറിക്ഷ വിളിച്ചു. എന്നാൽ വീട്ടുമുറ്റത്തേക്ക് ഓട്ടോറിക്ഷയ്ക്ക് വരാനുള്ള സൗകര്യമില്ലാത്തതിനെ തുടർന്നാണ് യുവതി അദ്ദേഹത്തെ തന്റെ തോളിലേറ്റി ഓട്ടോറിക്ഷ വരെ എത്തിച്ചത്.

ഭർത്താവിന്റെ പിതാവിന്റെ പിതാവിനെ തോളിലേറ്റി നടക്കുന്ന നിഹാരികയുടെ ചിത്രം ഒറ്റ ദിവസംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി. പുലേശ്വർദാസ് എഴുന്നേൽക്കാൻ പോലും കഴിയാത്ത അത്ര ദുർബലനായിരുന്നുവെന്ന് യുവതി പറയുന്നു.

‘എന്റെ ഭർത്താവ് സിരിഗോറിയയിൽ ജോലിസ്ഥലത്തായിരുന്നു. അതിനാൽ പിതാവിനെ എന്റെ തോളിൽ കയറ്റി അകലെ നിർത്തിയിരുന്ന വാഹനത്തിലേക്ക് കൊണ്ടുപോവുകയല്ലാതെ മറ്റൊരുമാർഗവും ഇല്ലായിരുന്നു’. നിഹാരിക പറയുന്നു. എന്നാൽ തനിക്കു നേരിടേണ്ടി വന്ന അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും യുവതി പറയുന്നു.